Home Kerala പ്രളയജലം തടയാന്‍ കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യത പരിഗണിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍

പ്രളയജലം തടയാന്‍ കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യത പരിഗണിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍

6
0
Spread the love

ന്യൂഡല്‍ഹി: പ്രളയജലം തടയാന്‍ അച്ചന്‍കോവിലാര്‍, പമ്പ, പെരിയാര്‍ നദികളില്‍ കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട്. അണക്കെട്ടുകളില്‍ വെള്ളം നിറക്കുന്നതിനും തുറന്നു വിടുന്നതിനും നിലവിലുള്ള ചട്ടങ്ങള്‍ പുനഃപരിശോധിക്കണമെന്നും ജല കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

കേരളത്തിലെ പ്രളയത്തിന് കാരണം അണക്കെട്ടുകള്‍ തുറന്നതല്ല കനത്ത മഴയാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഈ വര്‍ഷമുണ്ടായ മഴ ഭാവിയില്‍ പെയ്താല്‍ ഡാമുകള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്നും 50 പേജുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ച്ചയായി ശക്തമായ മഴ ലഭിക്കുമ്പോള്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായി മൂന്ന് ശുപാര്‍ശകളാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്.

അണക്കെട്ടുകളിലും വെള്ളം നിറക്കുന്നതിലും തുറന്നു വിടുന്നതിലും നിലവിലുള്ള ചട്ടങ്ങള്‍ പുനഃപരിശോധിക്കണം, പ്രളയമുണ്ടാകുമ്പോള്‍ കൂടുതല്‍ ജലം സംഭരിക്കാന്‍ പുതിയ അണക്കെട്ടുകളുടെ സാധ്യത പരിശോധിക്കണം, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണം എന്നിവയാണ് ശുപാര്‍ശകള്‍.

വേമ്പനാട്ട് കായലിന്റെ സംഭരണ ശേഷി കയ്യേറ്റവും നെല്‍കൃഷിയും കാരണം ഗണ്യമായി കുറഞ്ഞതും സാഹചര്യം മോശമാകാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. അതിരപ്പള്ളിയില്‍ ഡാം നിര്‍മ്മിക്കുന്നതിനെ പറ്റി റിപ്പോര്‍ട്ട് മൗനം പാലിക്കുകയാണ്. പ്രളയം മനുഷ്യ സൃഷ്ടിയല്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്.