Home Kerala കന്യാസ്ത്രീകളുടെ സമരം ശക്തമാക്കുന്നു, കുറവിലങ്ങാട്ടും പുതിയ സമരകേന്ദ്രം, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

കന്യാസ്ത്രീകളുടെ സമരം ശക്തമാക്കുന്നു, കുറവിലങ്ങാട്ടും പുതിയ സമരകേന്ദ്രം, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

 

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതൽ ശക്തമാക്കുന്നു.
കന്യാസ്ത്രീ മഠം സ്ഥിതിചെയ്യുന്ന കുറവിലങ്ങാട്ട് ഇന്ന് പുതിയ സമരകേന്ദ്രം തുറക്കും. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി ഇന്ന് ഉപവാസ സമരം തുടങ്ങും. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം ഒൻപതു ദിവസം പിന്നിട്ടിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ശക്തമാക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു. സമരത്തോട് സഹകരിക്കുന്ന സാമൂഹ്യ പ്രവർത്തകരിൽ ചിലരും ഇന്ന് ഉപവാസം തുടങ്ങും.
പ്രൊഫസർ എംഎൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് 24 മണിക്കൂർ ഉണർന്നിരുപ്പ് സമരം ഉടൻ തുടങ്ങും. രണ്ട് ദിവസത്തിനുളളിൽ എല്ലാ ജില്ലാകേന്ദ്രങ്ങളിലും സമരം തുടങ്ങും. നിരാഹാരം അനുഷ്ഠിച്ച രണ്ടാമത്തെയാളെയും അറസ്റ്റ് ചെയ്ത ശേഷം,, ഈരാറ്റുപേട്ടയിൽ നിന്നുള്ള ആലോഷ്യാ ജോസഫ് ആണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്.
അതേസമയം, ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുമതി തേടി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു. കേസില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ സമയം ആവശ്യമാണെന്ന് ബിഷപ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാര്‍പാപ്പയുടെ അനുമതി വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജലന്തര്‍ രൂപത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു .