Home Kerala കിഫ്ബി; ചെന്നിത്തലയുടെ അഴിമതിയാരോപണത്തിന് ‘എല്ലാം സുതാര്യ’മെന്ന് മുഖ്യമന്ത്രിയുടെ മറുപടി

കിഫ്ബി; ചെന്നിത്തലയുടെ അഴിമതിയാരോപണത്തിന് ‘എല്ലാം സുതാര്യ’മെന്ന് മുഖ്യമന്ത്രിയുടെ മറുപടി

 

തിരുവനന്തപുരം: കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റിങ് ഇല്ലെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയില്‍ പൂര്‍ണ ഓഡിറ്റിന് അനുമതി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കിഫ്ബിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കിഫ്ബി ഓഡിറ്റില്‍ ഒരു തരത്തിലുള്ള മറച്ചുവയ്ക്കലുമില്ല. സുതാര്യമായ രീതിയില്‍ കിഫ്ബിയില്‍ സി.എ.ജിയുടെ ഓഡിറ്റ് നടക്കുന്നുണ്ട്.’ – മുഖ്യമന്ത്രി പറഞ്ഞു.

സി.എ.ജി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം ഓഡിറ്റിംഗ് നടക്കുന്നുണ്ട്. അതുകൊണ്ട് 20-ാംവകുപ്പ് പ്രകാരമുള്ള പൂര്‍ണ ഓഡിറ്റിന് പ്രസക്തിയില്ലെന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സുതാര്യമായി നടക്കുന്ന കിഫ്ബിക്ക് എതിരെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് ശരിയല്ല. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ സംസ്ഥാനത്തിന്റെ പ്രളയാനന്തരപുനര്‍നിര്‍മാണത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സി.എ.ജി ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് മറുപടി കിട്ടിയില്ലെന്നും ഈ സാഹചര്യത്തിലാണ് ഗവര്‍ണറെ സമീപിച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.