Home Kerala ചേര്‍ത്തലയിലെ ഓമനക്കുട്ടനും തിരുവല്ലയിലെ രഘുവും: ദുരന്തകാലത്തെ അന്ധനീതിയുടെ ഇരകള്‍

ചേര്‍ത്തലയിലെ ഓമനക്കുട്ടനും തിരുവല്ലയിലെ രഘുവും: ദുരന്തകാലത്തെ അന്ധനീതിയുടെ ഇരകള്‍

സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ പ്രതിനിധികളാണ് ഓമനക്കുട്ടനും രഘുവും. സാധാരണക്കാരായതു കൊണ്ടു തന്നെ ഈ രണ്ടു പേര്‍ക്കും സംരക്ഷണ കവചമൊരുക്കേണ്ട ബാധ്യതയും ഭരണകൂടത്തിനില്ല.

 

തിരുവനന്തപുരം: ഇക്കൊല്ലത്തെ പ്രളയദുരിത വാര്‍ത്തകള്‍ക്കിടയിലും രണ്ടു വിചിത്രമായ സംഭവങ്ങളാണ് തിരുവല്ലയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നും കേട്ടത്. ചേര്‍ത്തലയിലെ സി.പി.എം പ്രാദേശിക നേതാവായ ഓമനക്കുട്ടനും തിരുവല്ലയിലെ പൊതുപ്രവര്‍ത്തകനായ രഘു ഇരവിപേരൂരുമായിരുന്നു ഈ സംഭവങ്ങളില്‍ ഇരകളാക്കപ്പെട്ടത്.

ആദ്യത്തെ ആള്‍ ചെയ്ത കുറ്റം
ചേര്‍ത്തലയില്‍ താന്‍ കൂടി താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ പിരിവ് നടത്തി.

വഞ്ചാനാകുറ്റത്തിന് കേസെടുത്തു

രണ്ടാമനെതിരെയുള്ള കുറ്റം
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് വേണ്ടി അടിവസ്ത്രം ശേഖരിക്കാന്‍ സഹായം ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

നടപടി
സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചാര്‍ത്തി കേസെടുത്തു

വാങ്ങിയത് 75 രൂപ

അംബേദ്ക്കര്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ അരി എത്തിച്ചതിനുള്ള വണ്ടി വാടക പിരിച്ചെന്നതാണ് ഓമനക്കുട്ടനെതിരായ ആരോപണം. പണം ആവശ്യപ്പെടുന്നതിന്റെ വീഡിയോ ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. വാര്‍ത്തപുറത്തു വന്നതോടെ കളക്ടര്‍ വിശദീകരണം തേടുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. തൊട്ടുപിന്നാലെ സി.പി.എമ്മും ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഓട്ടോകൂലിയായി 75 രൂപയാണ് ഓമനക്കുട്ടന്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്നും വാങ്ങിയതെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഓമനക്കുട്ടന് പറയാനുള്ളത്

ക്യാമ്പില്‍ അരി എത്തിക്കേണ്ടത് ചേര്‍ത്തല സൗത്ത് വില്ലേജോഫീസിലെ ഉദ്യോഗസ്ഥരാണ്. എന്നാല്‍ അരി തീരുമ്പോള്‍ ക്യാമ്പിലുള്ള ആരെങ്കിലും വില്ലേജോഫീസിലെത്തുകയാണ് പതിവ്. വില്ലേജോഫീസര്‍ സ്ലിപ്പ് കൊടുക്കും. അതുകൊടുത്ത് സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും അരി വാങ്ങി ക്യാമ്പിലെത്തിക്കും. കഴിഞ്ഞ 35 വര്‍ഷമായി ഓമനക്കുട്ടനാണ് ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത്. ഇത്തവണയും അരിവാങ്ങാന്‍ പോയത് ഓമനക്കുട്ടനാണ്. ഇതിനുള്ള ഓട്ടോകൂലി കൊടുക്കാന്‍ സ്വന്തം പോക്കറ്റില്‍ പണമില്ലാത്തിനാലാണ് പലരില്‍ നിന്നായി 75 രൂപ വാങ്ങിയത്. ക്യാമ്പിനു വേണ്ടി സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ടെന്നു പറയുമ്പോഴും അങ്ങനെയൊരു ഫണ്ട് ഉണ്ടെന്നു തന്നെ ഇപ്പോഴാണ് അറിയുന്നതെന്നാണ് ഓമനക്കുട്ടനും മറ്റു അന്തേവാസികളും പറയുന്നത്.

പാര്‍ട്ടിയെ അപമാനിച്ചെന്ന് മന്ത്രി

സംഭവത്തിനു പിന്നാലെ ക്യാമ്പിലെത്തിയ മന്ത്രി ജി. സുധാകരനോട് ക്യാമ്പംഗങ്ങള്‍ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതു കേള്‍ക്കാന്‍ പോലും തയാറായില്ല. ഓമനക്കുട്ടനെ മന്ത്രി കൂടി തള്ളിപ്പറഞ്ഞതിനു പിന്നാലെ പൊലീസും കേസെടുത്തു.

അടിവസ്ത്രങ്ങള്‍ ആവശ്യപ്പെട്ടത് ക്യാമ്പിലുള്ളവര്‍ക്കു വേണ്ടി

ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് അടിവസ്ത്രം ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് സന്നദ്ധപ്രവര്‍ത്തകന്‍ രഘു ഇരവിപേരൂരിനെ പൊലീസ് അറസ്റ്റു ചെയ്തത്. തിരുവല്ല ഇരുവള്ളിപ്ര സെന്റ് തോമസ് സ്‌കൂളിലെ ക്യാമ്പിലുള്ള സ്ത്രീകള്‍ക്ക് ഇന്നര്‍ വെയേഴ്‌സിന്റെ ആവശ്യമുണ്ടെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. സന്മനസുള്ളവര്‍ ഉടന്‍ തന്നെ സഹായിക്കണം എന്നായിരുന്നു പോസ്റ്റ്. സ്ത്രീകളെ അപമാനിച്ചെന്നു കാട്ടി കൗണ്‍സിലറുടെ പരാതിയിലായിരുന്നു നടപടി. റൈറ്റ്‌സ് എന്ന സംഘടനയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ദളിത് ആക്ടിവിസ്റ്റുമാണ് രഘു ഇരവിപേരൂര്‍.

ചെറുനാളങ്ങള്‍ ഊതിക്കെടുത്തരുത്

ഈ രണ്ടു സംഭവങ്ങളിലും യാഥാര്‍ഥ്യം മനസിലാക്കാന്‍ പൊലീസോ അധികാരികളോ രാഷ്ട്രീയ നേതൃത്വമോ തയാറായില്ല. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ പ്രതിനിധികളാണ് ഓമനക്കുട്ടനും രഘുവും. സാധാരണക്കാരായതു കൊണ്ടു തന്നെ ഈ രണ്ടു പേര്‍ക്കും സംരക്ഷണ കവചമൊരുക്കേണ്ട ബാധ്യതയും ഭരണകൂടത്തിനില്ല. അതുകൊണ്ടു തന്നെ ഇവര്‍ക്കെതിരെ ഉയര്‍ന്ന പരാതിയില്‍ മുന്‍ പിന്‍ നോക്കാതെ നടപടിയെടുക്കുകയാണ് ചെയ്തത്. സാമൂഹികമായ പരിമിതികളെയും മറികടന്ന് മറ്റുള്ളവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഇത്തരം മനുഷ്യരെ കൂട്ടംചേര്‍ന്ന് ആക്രമിച്ചതിലൂടെ ഇരുളിലെ രണ്ടു ചെറുനാളങ്ങളൈ കെടുത്താന്‍ ശ്രമിക്കുകയാണ് നമ്മള്‍.