Home Kerala ഡിപ്ലോമാറ്റിക്ക് ബാഗിലെ സ്വർണക്കടത്ത് അന്വേഷണം കൂടുതൽ പേരിലേക്ക്; ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഉടൻ അനുമതി തേടും

ഡിപ്ലോമാറ്റിക്ക് ബാഗിലെ സ്വർണക്കടത്ത് അന്വേഷണം കൂടുതൽ പേരിലേക്ക്; ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഉടൻ അനുമതി തേടും

 

കൊച്ചി : ഡിപ്ലോമാറ്റിക്ക് ബാഗിലെ സ്വർണ കള്ളക്കടത്ത് കേസ് കൂടുതൽ പേരിലേക്ക്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി കസ്റ്റംസ് ചോദ്യം ചെയ്തു. കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണറുടെ എറണാകുളത്തെ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കസ്റ്റംസ് പിടിയിലുള്ള പ്രതികളെ എൻഐഎ സംഘവും ചോദ്യം ചെയ്തു.

ഇന്ന് പുലർച്ചെയാണ് മലപ്പുറം സ്വദേശി റമീസിനെ കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ ഇടനിലക്കാരനാണ് റമീസ്. മുൻ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ ബന്ധുവായ ഇയാൾ മുൻപും സ്വർണക്കടത്ത് നടത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സരിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് റമീസിനെ കുറിച്ച് വിവരം ലഭിക്കുന്നത്. റമീസിനെ ചോദ്യം ചെയ്തതോടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

റമീസിൻ്റെ മലപ്പുറം പെരിന്തൽമണ്ണയിലുള്ള വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. നിലവിൽ കസ്റ്റംസ് പിടിയിലുള്ള സരിത്തിനേയും റമീസിനേയും എൻഐഎ സംഘവും ചോദ്യം ചെയ്തു. എഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്ന ചോദ്യം ചെയ്യൽ.

അതേസമയം മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെതിരെ കസ്റ്റംസിന് കൂടുതൽ തെളിവുകൾ ലഭിച്ചതായാണ് വിവരം. ഡിപ്ലോമാറ്റിക്ക് ബാഗ് പരിശോധിക്കാതിരിക്കാൻ ശിവശങ്കരൻ കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണറെ വിളിച്ചിരുന്നു. ഇത് സംബസിച്ച ഡിജിറ്റൽ തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഉടൻ അനുമതി തേടും.