Home Kerala പൊലീസ് സ്റ്റേഷന്റെ സാങ്കേതിക വിദ്യ മനസിലാക്കാന്‍ ഡിജിപി ദുബായിലേക്ക്

പൊലീസ് സ്റ്റേഷന്റെ സാങ്കേതിക വിദ്യ മനസിലാക്കാന്‍ ഡിജിപി ദുബായിലേക്ക്

 

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്‌റയും പാലക്കാട് കെഎപി രണ്ട് ബറ്റാലിയന്‍ കമന്‍ഡാന്റ് ദേബേഷ് കുമാര്‍ ബെഹ്‌റയും ദുബായിലേക്ക്. ദുബായില്‍ പൂര്‍ണമായും യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷന്റെ സാങ്കേതിക വിദ്യ മനസ്സിലാക്കുന്നതിനാണു യാത്ര. മേയ് 18 മുതല്‍ 20 വരെയാണു യാത്ര. മാര്‍ച്ച്‌ 19 മുതല്‍ 21 വരെയായിരുന്നു യാത്രയ്ക്കായി നേരത്തേ തീരുമാനിച്ച ദിവസങ്ങള്‍. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് കാരണം യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

അതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലെ നെയിം ബോര്‍ഡ് മലയാളത്തിലാക്കാന്‍ ഡിജെപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ പേരിനൊപ്പം പൊലീസ് സ്റ്റേഷനുകളുടെ പേരും ഓഫീസുകളുടെ പേരും മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പൊലീസ് യൂണിഫോമില്‍ ഉള്‍പ്പെടെ മലയാളത്തില്‍ പേര് നിര്‍ബന്ധമാക്കണമെന്ന് ഡിജിപി യൂണിറ്റ് മേധാവികള്‍ക്ക് ഉത്തരവ് നല്‍കി. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് ഇംഗ്ലീഷില്‍ എഴുതുന്നത് ഭാഷ അറിയാത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഉമ്മറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.88 വയസായ തനിക്ക് ഇംഗ്ലീഷിലുള്ള പേരുകള്‍ വായിക്കാനാകില്ലെന്ന് കാട്ടി ഉമ്മര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പേരുകള്‍ മാതൃഭാഷയിലും എഴുതണമെന്ന് ഹൈക്കോടതി വിധിച്ചു.