Home Kerala ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനപരാതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനപരാതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

 

ഓഷിവാര: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ പറയും. മുംബൈ ദിന്‍ദോഷി കോടതിയാണ് വിധി പറയുന്നത്. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ബീഹാര്‍ സ്വദേശിനി പരാതി നല്‍കിയ അന്നു മുതല്‍ ബിനോയ് കോടിയേരി ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. കേസില്‍ ഡി എന്‍ എ പരിശോധന അനിവാര്യമാണെന്നും ബിനോയിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ഡിസിപി മഞ്ജുനാഥ് പറഞ്ഞു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയ് കോടിയേരിയുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ കൈമാറി കഴിഞ്ഞിട്ടുണ്ട്.

2009 മുതല്‍ 2018 വരെയുള്ള കാലത്ത് തന്നെ പല തവണ ബിനോയ് കോടിയേരി പീഡിപ്പിച്ചെന്നും വിവാഹം ചെയ്യാമെന്ന് വാക്ക് തന്നിരുന്നെന്നുമാണ് യുവതിയുടെ പരാതി. മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ദുബായില്‍ ഡാന്‍സ് ബാറില്‍ ഡാന്‍സറുമായിരുന്ന യുവതി. ഇവരുടെ ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുമുണ്ട്. ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയ് ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ബിനോയിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുംബൈ പോലീസ് മുന്നോട്ട് പോയപ്പോഴാണ് ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.