Home Current Affairs ലോക്ക് ഡൗണ്‍ ലംഘനം; ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ലോക്ക് ഡൗണ്‍ ലംഘനം; ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

 

ന്യൂഡല്‍ഹി: പല സ്ഥലങ്ങളിലും ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. തീവ്ര ബാധിത മേഖലകളില്‍ അടക്കം ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി കാലങ്ങളില്‍ കര്‍ഫ്യു പാലിക്കപ്പെടുന്നില്ലെന്നും കത്തില്‍ പറയുന്നു.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തിലധികം പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 3,435 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 45,299 പേര്‍ കൊറോണയില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. 60000 ത്തില്‍ അധികം പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.