Home Kerala ശ്രീറാം വെങ്കിട്ടരാമന് സസ്പെൻഷൻ; സർവെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി

ശ്രീറാം വെങ്കിട്ടരാമന് സസ്പെൻഷൻ; സർവെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി

 

തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ ഇടിച്ചുകൊന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സസ്പെൻഡ് ചെയ്തു. സർവെ ഡയറക്ടർ സ്ഥാനത്ത് നിന്നും ശ്രീറാമിനെ നീക്കി. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

ഓൾ ഇന്ത്യ സർവീസസ് ഡിസിപ്ലിൻ ആന്ഡ് അപ്പീൽ റൂൾസ് 3(3) അനുസരിച്ച് ഒരു സർവീസ് അംഗം ക്രിമിനൽ കേസിൽ പെട്ടാൽ അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലും തെറ്റായ നടപടികൾ ഏർപ്പെട്ടാൽ സസ്പെൻഡ് ചെയ്യാൻ സർക്കാരിന് അധികാരമുണ്ട്. ആ അധികാരം ഉപയോഗിച്ചാണ് സസ്പെൻഷൻ. എന്നാൽ എത്രനാളാണ് സസ്പെൻഷൻ കാലാവധി എന്നത് സംബന്ധിച്ച് ഉത്തരവിൽ പറയുന്നില്ല.  തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് എഫ്.ഐ.ആറിട്ട് അന്വേഷണം തുടങ്ങിയാല്‍ തന്നെ ആ വ്യക്തിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിനാവും. മദ്യപിച്ച് ലക്കുകെട്ട് അമിതവേഗതയില്‍ കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ടയാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. റിമാൻഡിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോൾ മെഡിക്കൽ കോളജ് ട്രോമ ഐസിയുവിൽ ചികിത്സയിലാണ്.